2010 ഏപ്രിൽ 15, വ്യാഴാഴ്‌ച

കുടവയറിനായി കാത്തിരിക്കുന്ന ഹോളിവുഡ് താരം

ഭിനേതാക്കളെല്ലാം ഉള്ള കുടവയറ് കുറയ്ക്കാനും ഭാവിയില്‍ വരാതിരിക്കാനും പെടാപ്പാട് പെടുമ്പോള്‍ ‘പൈരേറ്റ്സ് ഓഫ് കരീബിയന്‍’ താരം ജോണി ഡെപ്പിന് മറിച്ചാണ് ആഗ്രഹം. എങ്ങനെയെങ്കിലും ഒരു കുടവയറ് ഉണ്ടാക്കി സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യാനുള്ള തന്ത്രങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെത്രെ ഡെപ്പ്. ‘ചൈനാ ഡെയ്‌ലി’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഡെപ്പ് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.


ഇരുപത് വയസിലാണ് ഡെപ്പ് സിനിമയില്‍ വരുന്നത്, ഹൊറര്‍ മൂവിയായ ‘എ നൈറ്റ് ഓണ്‍ എം സ്‌ട്രീറ്റ്’ എന്ന ഹിറ്റിലൂടെ. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണ് ആ സിനിമ വന്നത്. ഇപ്പോള്‍ ഡെപ്പിന് വയസ് നാല്‍‌പ്പത്തിയഞ്ച്, അതായത് സിനിമയില്‍ വന്ന് കാല്‍‌നൂറ്റാണ്ട് തികയുന്നു. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞു. അമേരിക്കയിലും ഫ്രാന്‍സിലും രണ്ട് വീടുകള്‍. വമ്പനൊരു മുന്തിരിത്തോട്ടം. എന്നിട്ടും സ്വന്തമായൊരു ‘ബിയര്‍ ബെല്ലി’ (കുടവയര്‍) ഉണ്ടാവാത്തതിന്റെ വിഷമത്തിലാണ് ഡെപ്പ്.


“അസല്‍ കുടവയറുള്ള ഒരു പരമ്പരാഗത മനുഷ്യനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിട്ട് ഫ്രാന്‍സിലുള്ള എന്റെ വീടിന്റെ വരാന്തയില്‍ മുമ്പിലുള്ള പുല്‍‌ത്തകിടിയും കണ്ട് എനിക്കൊരു ചാരുകസേരയില്‍ ഇരിക്കണം” - ഡെപ്പ് പറയുന്നു.


വാരിവലിച്ച് തിന്നാലും കുടിച്ചാലും ഒന്നും ശരീരത്തില്‍ കയറാത്ത പ്രകൃതമാണ് ഡെപ്പിന്റേത്. ഒരുതരത്തിലുള്ള പരിമിതിയും വയ്ക്കാതെ കയ്യില്‍ കിട്ടിയതെല്ലാം തിന്നുനോക്കി. ബോട്ടില്‍ കണക്കിന് ബിയറും അടിച്ചുനോക്കി. എന്നിട്ടും ഒരു കഴഞ്ച് പോലും മാംസം അധികമായി ശരീരത്തില്‍ ഉണ്ടാവുന്നില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ മരിക്കുന്നതുവരെ ‘കുടവയറും’ സ്വപ്നം കണ്ട് നടക്കാനേ ഡെപ്പിന് കഴിയൂ എന്ന് ഹോളിവുഡ് അടക്കം പറയുന്നു.


*******************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്