2010 ജൂൺ 10, വ്യാഴാഴ്‌ച

ബ്രസില്‍ ഈ ലോകകപ്പുനേടുമോ ?

ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ കുറച്ചു മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. മത്സരങ്ങള്‍ക്കുവേണ്ടി എല്ലാ ടീമുകളും ഒരുങ്ങി കഴിഞ്ഞു. 1930 -ലാണു് ഫിഫയുടെ ആദ്യത്തെ ലോകകപ്പ് നടന്നത്. ആദ്യത്തെ ലോകചാമ്പ്യന്മാര്‍ ഉറുഗ്വെ  4:2 ഗോളിനു അര്‍ജന്റീനയെ തോല്പിച്ചുകൊണ്ടാണു്  ലോകകപ്പ് നേടിയത്.


ലോകകപ്പ് ചരിത്രത്തില്‍ പ്രധാനപ്പെട്ട എല്ലാ റിക്കാര്‍ഡുകളും ബ്രസിലിന്റെ പേരിലാണു്. ബ്രസിലിന്റേയും, ലോകത്തിലെ ഫുട്ബോള്‍ ആരാധകരുടെ പ്രിയതാരമാണു് കക്ക. 28 കാരനായ കക്ക ബ്രസിലിന്റെ ആക്രമണ-മദ്ധ്യനിരയിലെ വിശ്വസ്തനായ കഴിവുറ്റ താരമാണു്. ബ്രസിലും ദുംഗയും വളരെയധികം പ്രതീക്ഷയോടെയാണു് കക്കയെ ഉറ്റുനോക്കുന്നത്. 18-മത്തെ വയസില്‍ അപകടത്തെ തുടര്‍ന്ന് നട്ടെല്ലു തകര്‍ന്നതിനുശേഷം അത്ഭുതകരമഅയി ജീവിതത്തിലേയ്ക്കു് തിരിച്ചുവന്നവനാണു് കക്ക. കേവലം 8.5 മില്ല്യന്‍ യൂറോയ്ക്ക് എ സി മിലാനിലെത്തിയ കക്ക ആറുവർഷങ്ങള്‍ക്കു ശേഷം 68.5 മില്ല്യന്‍ യൂറോയ്ക്കാണു റയല്‍ മാഡ്രിഡിലേയ്ക്ക് കൂറുമാറിയത്. ഒരൊറ്റവർഷം 27 കളികളിള്‍ നിന്ന് 8 ഗോളുകള്‍ നേടിയാണു് കക്ക റയലില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചത്.


ഇന്നു് ഫിഫയുടെ ലോകറാങ്ക് ലിസ്റ്റില്‍ ബ്രസിലിനാണു് ഒന്നാം സ്ഥാനം. ഈ ലോകകപ്പിലും കൂടുതല്‍ സാദ്ധ്യത കല്പിക്കുന്നതും ബ്രസിലിനു തന്നെയാണു്. ബ്രസിലിന്റെ ഒന്നാം നമ്പര്‍ ഗോളി ജൂലിയോ സീസര്‍ പരിക്കിന്റെ പിടിയിലാണു്. പരിക്ക് ഭേദമായിട്ടുണ്ടെന്നാണു് പറയുന്നത്. പരിശീലകനായ ദുംഗ പറയുന്നത് കളിക്കുമെന്നുതന്നെയാണു്. ഒരുപക്ഷെ കളിക്കാന്‍ പറ്റാതെ വന്നാല്‍ ഡോണിയായിരിക്കും പകരം ഗോളിയായി ഇറങ്ങുക. ക്യാപ്റ്റന്‍ ലൂസിയോയും, മൈക്കോണും ചേര്‍ന്ന പ്രതിരോധനിരയും, കക്കയുടെ നേതൃത്വത്തിലുള്ള മദ്ധ്യനിരയും, ലൂയിസ് ഫാബിയാനോയും, റോബീഞ്ഞോയും ആക്രമണനിരയിലും കളിക്കും. ദുംഗ ഒരുപക്ഷെ നില്‍മറെ സ്ട്രൈക്കറായി ഇറക്കാനും സാദ്ധ്യത ഉണ്ട്. എന്തായാലും ആറാം ലോകകപ്പിന്റെ മോഹവുമായി ദക്ഷിണാഫ്രിക്കയിലെത്തുന്ന ബ്രസിലിനു് ലക്ഷ്യത്തിലെത്താന്‍ കഴിയുമോ എന്ന് കണ്ടറിയണം.

*****************



സ്പെയിനിന്റെ കന്നി കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം....


 ഫിഫയുടെ ലോകറാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരാണു് സ്പെയിന്‍. ഡെല്‍ ബോസ്ക്വെയുടെ പരിശീലനത്തില്‍ കാളപ്പോരിന്റെ നാട്ടില്‍നിന്നും എത്തുന്ന താരനിരകളുള്ള ഈ ടീം, ഈ ലോകകപ്പില്‍ കന്നി കിരീടം നേടിയെടുക്കാന്‍ വേണ്ടി രണ്ടും കല്പിച്ചാണു് ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. കപ്പ് നേടാന്‍ എന്തുകൊണ്ടും സാദ്ധ്യതയുള്ള ടീമാണു് സ്പെയിന്‍. വലിയ മത്സരങ്ങളില്‍ പരിഭ്രമത്തോടെ കളിക്കുമെന്നുള്ളതാണു് ആകെയുള്ള അവരുടെ പോരായ്മകള്‍. പ്യുയോള്‍,  പീക്വെ, റാമോസ് എന്നിവരടങ്ങിയ പ്രതിരോധനിരയും,  ഇനിയെസ്റ്റ, സാവി, ഫാബ്രെഗാസ് അടങ്ങിയ മധ്യനിരയും, ആക്രമണനിരയില്‍ ടോറെസ്, വില്ല /  പെദ്റോ എന്നിവരും, ഗോളി ക്യപ്റ്റന്‍ കസില്ലാസും അടങ്ങിയ കരുത്തുറ്റ ടീമുമായിട്ടാണു് ഈപ്രാവശ്യം സ്പെയിന്‍ അങ്കത്തിനു എത്തുന്നത്.  കന്നി കപ്പില്‍ സ്പെയിന്‍ മുത്തമിടുമോ എന്ന് നമ്മള്‍ക്ക് കാത്തിരിക്കാം.

*******************


പോര്‍ചുഗലും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും....
ഫിഫ ലോകറാങ്ക് ലിസ്റ്റില്‍ പോര്‍ചുഗലിനു് മൂന്നാം സ്ഥാനമാണു്. ലോകകപ്പ് എന്ന കിട്ടാകനിയില്‍ മുത്തമിടാനുള്ള പോര്‍ചുഗലിന്റെ കൈവശമുള്ള ഏക ആയുധമാണു് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന 25 കാരനായ അവരുടെ സ്ട്രൈക്കര്‍.

പോര്‍ചുഗലിനു ലോകകപ്പു ചരിത്രത്തില്‍ പ്രത്യേകിച്ചു് എടുത്തു പറയതക്കതായി ഒന്നും ഇല്ല. ആകെകൂടി 1996-ലെ ഒരു മൂന്നാം സ്ഥാനവും,2006-ലെ ഒരു നാലാം സ്ഥാനവും അത്ര മാത്രം. ഇതിനുമുമ്പ് പോര്‍ചുഗല്‍ നാലു തവണ ലോകകപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഇതുവരെ 19 കളികള്‍ മാത്രമാണു് അവര്‍ കളിച്ചിരിക്കുന്നത്. അതില്‍ 11 ജയവും, ഒരു സമനിലയും, 7 തോല്‍വികളും ഉള്‍പ്പെടും. ഫീഗൊയെ പോലൊരു താരം ഇതുവരെ പോര്‍ചുഗലിനു ഉണ്ടാകാത്തതാണു് അവരുടെ ഏറ്റവും വലിയ വിഷമം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആക്രമണവും, വേഗതയും മാത്രമാണു് ഇന്ന് പറങ്കിപ്പടയുടെ ഏക ആശ്വാസം. പോര്‍ചുഗലിന്റെ മറ്റൊരു സ്ട്രൈക്കര്‍ നാനി ലോകകപ്പില്‍ നിന്ന് പുറത്തായി. തോളിനു് പരിക്കേറ്റ നാനി ഈ ലോകകപ്പില്‍ കളിക്കില്ല എന്നാണു് അറിയുന്നത്. നാനിയുടെ പിന്മാറ്റം പോര്‍ചുഗലിനു ഒരു വലിയ നഷ്ട്ടം തന്നെയായിരിക്കും. അവരുടെ ഗ്രൂപ്പില്‍ ഏറ്റവും ഭയക്കുന്നത് ബ്രസിലിനെയാണു്. 2003 മുതല്‍ ടീമിന്റെ ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ക്രിസ്റ്റ്യാനോയാണു്. പൊന്നും വിലയുള്ള ഈ താരത്തിനെ കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് 80 മില്ല്യന്‍ ഡോളറിനാണു് സ്വന്തമാക്കിയത്. ഡെക്കൊ ഫോം വീണ്ടെടുക്കുകയും, റൗള്‍ മെറീലെസ്, സീമോ എന്നിവര്‍ കളിയില്‍ തിളങ്ങിയാല്‍ പോര്‍ചുഗലിനെ പിടിച്ചുകെട്ടാന്‍ ഒരുപക്ഷെ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല.  എന്തായാലും പ്രത്യാക്രമണത്തിനു് കരുത്തു പകരുന്ന 4-5-1 എന്ന ശൈലിയായിരിക്കും പരിശീലകനായ കാര്‍ലോസ് ക്യൂറോസ് പരീക്ഷിക്കുക. അങ്ങിനെയാണെങ്കില്‍ ഒരുപക്ഷെ ലീഡ്സനെ മുന്നില്‍ നിര്‍ത്തി സീമോ, റൊണാള്‍ഡോ, ഡെക്കോ എന്നിവരെ ആക്രമണ-മധ്യനിരയില്‍ ഇറക്കാനായിരിക്കും കാര്‍ലോസ് ക്യൂറോസിന്റെ തീരുമാനം.

*****************


നെതര്‍ലന്റ് (ഹോളണ്ട്)


ഫിഫ ലോകറാങ്ക് ലിസ്റ്റില്‍ നാലാം സ്ഥാനക്കാരാണു് ഓറഞ്ചുപ്പട എന്ന പേരിലറിയപ്പെടുന്ന നെതര്‍ലന്റ്. ലോക ഫുട്ബോളിലും, യൂറോപ്യന്‍ ഫുട്ബോളിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഓറഞ്ചുപ്പട ഇതുവരെ സുപ്രധാനമായ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ല.  യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ ഊതി കാച്ചിയെടുത്ത ഒരുപറ്റം താരങ്ങളുമായിട്ടാണു് നെതര്‍ലന്റ് ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്.  9 - മത്തെ തവണ ലോകകപ്പിനെത്തുന്ന നെതര്‍ലന്റ് 1974, 1978  എന്നീ വർഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. ടോട്ടല്‍ ഫുട്ബോള്‍ എന്ന പുതിയ തന്ത്രങ്ങളുമായി 1974 -ല്‍ ഫൈനലില്‍ എത്തിയതിനു ശേഷമാണു് ഓറഞ്ചുപ്പട ലോകശ്രദ്ധ നേടിയത്. വാന്‍ മാര്‍വിയിക് പരിശീലിപ്പിക്കുന്ന കരുത്തുറ്റ താരങ്ങളുമായിട്ടാണു് ഈപ്രാവശ്യം നെതര്‍ലന്റ് വരുന്നത്. ഗോളി സ്റ്റെകെലെന്‍ബെര്‍ഗും,റൂബന്‍, പേര്‍സി, ഏലിയ, സ്നൈഡര്‍, വാന്‍ ബൊമ്മെല്‍, അഫ്ഫെലയ്, വാന്‍ ഡെര്‍ വീല്‍ എന്നിവരടങ്ങിയ എന്തിനും പോന്ന ഒരു നല്ല ടീമുമായിട്ടാണവര്‍ ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്.

*********************

ബ്ലോഗ് ആര്‍ക്കൈവ്