2009 മേയ് 3, ഞായറാഴ്‌ച

എന്നെക്കുറിച്ച്....





                                                   
◄= സത്യമേവ ജയതേ =►






കുറേക്കാലമായി ഞാന്‍ ചില ബ്ലോഗുകള്‍ വായിക്കാറുണ്ട്. എനിക്കും ഒരു ബ്ലോഗ് തുടങ്ങിയാലോ എന്ന് ഞാന്‍   ചിന്തിക്കാറുണ്ടായിരുന്നു.  പക്ഷെ എങ്ങിനെ തുടങ്ങണം, എങ്ങിനെ എഴുതണം എന്ന് ഒരു പരിചയവും ഇല്ലാത്തതുകൊണ്ട് ഇതുവരെ മടിച്ചു നിന്നു. ഒടുവില്‍ ഞാനും ഒരു ബ്ലോഗ് തുടങ്ങി. ഒരു തൃശ്ശൂര്‍ക്കാരനാണ് ഞാന്‍.  ഇപ്പോള്‍ യൂറോപ്പില്‍ ഒരു ചെറിയ സ്ഥാപനത്തില്‍ ഒരു ചെറിയ ജോലി ചെയ്തു ജീവിച്ചു പോകുന്നു. 


പലതും നേടിയെടുത്തെങ്കിലും, ഇന്നലെകളുടെ മറക്കാന്‍ കഴിയാത്ത ദുഃഖങ്ങളാണ് എന്നെ വേട്ടയാടികൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ പ്രത്യേകിച്ച് ഒന്നും നേടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, തികച്ചും ഒരു നാട്ടുമ്പുറത്തുക്കാരനായി ഒരു സാധാരണ ജീവിതമായിരുന്നു എന്റേത്. എന്റെ ഗ്രാമവും, അവിടത്തെ പാവപ്പെട്ട ജനങ്ങളും, പള്ളിയും, അമ്പലവും, സ്ക്കൂളും, നെല്പ്പാടങ്ങളും, തെങ്ങും, കവുങ്ങും, പുഴകളും മാത്രമായിരുന്നു എന്റെ ലോകം. അതിനപ്പുറത്ത് വേറെ ഒരു ലോകമുണ്ടെന്നറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.


ഈ ചിന്താഗതിയില്‍ നിന്നും ഉണരാന്‍ എന്നെ പ്രേരിപ്പിച്ചത്, സ്വാര്‍ത്ഥരായ ചിലരുടെ അടിച്ചമര്‍ത്തല്‍ ആയിരുന്നു. അപ്രതീക്ഷിതമായി ചതികളും, ചതിക്കുഴികളും നേരിടേണ്ടി വന്നു. ജീവിതം മുഴുവനും മത്സരമായിരുന്നു. 


എനിക്ക് എന്റേതായ രീതികള്‍ ഉണ്ട്, അതിനോട് അല്പമെങ്കിലും പൊരുത്തപ്പെടാത്ത സുഹൃത്തുക്കളേയും, ബന്ധുക്കളേയും ഞാന്‍ മാറ്റി നിര്‍ത്താറുണ്ട്. എന്നോട് നന്നായി പെരുമാറുന്നവരോട് ഞാന്‍ ഒരിക്കലും മോശമായി പെരുമാറാറില്ല.  എല്ലാവരും മറ്റുള്ളവരോട് ആത്മാര്‍ത്ഥത കാണിക്കണമെന്നില്ല,  ഓരോരുത്തര്‍ക്കും അവരവരുടെ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. ഞാന്‍ എന്റെ അനുഭവങ്ങളില്‍ നിന്നും പഠിച്ചത്, മറ്റുള്ളവരില്‍ നിന്ന് ഒന്നും ആഗ്രഹിക്കരുത്, പ്രതീക്ഷിക്കരുത്. ആരേയും അവര്‍ എത്ര  നല്ലവരായിരുന്നാലും  കണ്ണടച്ച് വിശ്വസിക്കരുത്.

എനിക്ക് ഒരു നല്ല ജീവിതം ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന ഒരു "സ്ത്രീ" ഉണ്ടായിരുന്നു.  ചില തമ്പുരാക്കന്മാരുടേയും അവരുടെ വാലാട്ടികളുടേയും താളത്തിനൊപ്പം തുള്ളിയില്ല എന്ന ഒരു മഹാ പാപമേ ഞാന്‍ ചെയ്തീട്ടുള്ളൂ.  ഈശ്വരാ..... അതു എന്നോടു ക്ഷമിക്ക്ണേ. ചിലര്‍ എന്നെ ചതിച്ചപ്പോള്‍ ചിലര്‍ എന്റെ ഉയര്‍ച്ചയില്‍ എന്നെ സഹായിച്ചിട്ടുണ്ട്. അവരോടു്‌ എനിയ്ക്ക് വളരെ വളരെ നന്ദിയുണ്ട്. ഒരു പരിധിവിട്ട് അവരോട് എനിക്ക് നന്ദി കാണിക്കാന്‍ കഴിഞ്ഞില്ല, കാരണം അവര്‍ എന്നോട് ഒരുമാതിരി യേശുക്രിസ്തുവിനെപോലെയാണ് സംസാരിച്ചത്. "നിന്റെ കയ്യില്‍ ഉള്ളതെല്ലാം ഞങ്ങളെ ഏല്പിച്ച് നീ ഞങ്ങളുടെ പിന്നാലെ വരിക" എന്തായാലും ആ ആശയം എനിക്ക് സ്വീകാര്യമായില്ല.   നന്ദി അര്‍ഹിക്കുന്നവരോട് മാത്രമേ നമ്മള്‍  നന്ദി   കാണിക്കാവൂ .  അല്ലെങ്കില്‍ നന്ദി എന്ന പദത്തിന്   അര്‍ത്ഥമില്ലാതെ   പോകും.  അഹങ്കാരി, തന്നിഷ്ടക്കാരന്‍, ............,  എന്നൊക്കെ ചിലര്‍ എന്നെ മുദ്ര കുത്തി. ആദ്യം "മത്തായിക്ക് ഡേഷാണെന്ന്" പറഞ്ഞു ഞാന്‍ ഒഴിഞ്ഞുമാറി .  ശത്രുക്കളില്‍ ചിലര്‍ വിഷം കൂടിയ ഇനമായിരുന്നുവെന്നു   ഞാന്‍  തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വളരെ വൈകിപോയി.  

ചിലരോടുള്ള എന്റെ പ്രതിഷേധവും, അനുസരണക്കേടും  ഈശ്വരന്‍ എന്നോട്  ക്ഷമിക്കുമോ എന്നെനിക്കറിയില്ല.  ഞാന്‍ ഒരുപക്ഷെ  നരകത്തില്‍ പോകുമായിരിക്കും,  ഈശ്വരനോട് എനിക്കു ഒരേ ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ,   ഈശ്വരാ........ നരകത്തിലെങ്കിലും എനിക്ക് അല്പം സ്വസ്തതയും,  സമാധാനവും തരണേ......!  അടുത്ത ജന്മത്തില്‍ ശത്രുക്കളെ   സ്നേഹിക്കാനും,  ആരാധിക്കാനും,  അനുസരിക്കാനുമുള്ള ഒരു വലിയ മനസ് എനിക്ക് തരണേ......  ആമ്മേന്‍   !


ബ്ലോഗ് ആര്‍ക്കൈവ്